03:47pm 09 November 2026
NEWS
യുദ്ധവെറി മൂത്ത ഇസ്രയേലിനെ സഖ്യകക്ഷികളും കൈവിടുന്നു
21/05/2025  05:08 AM IST
nila
യുദ്ധവെറി മൂത്ത ഇസ്രയേലിനെ സഖ്യകക്ഷികളും കൈവിടുന്നു

ടെൽ അവീവ്: ​ഗാസയിൽ ശക്തമായ ആക്രമണം നടത്തുന്ന ഇസ്രയേലിന് മുന്നറിയിപ്പുമായി സഖ്യകക്ഷികളും രം​ഗത്ത്. ബ്രിട്ടൻ, ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് ​ഗാസയിലെ യുദ്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് രം​ഗത്തെത്തിയത്. ബന്ദികളെ മോചിപ്പിക്കാനുള്ള ഏകമാർഗം വെടിനിർത്തലാണെന്നു് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ വ്യക്തമാക്കി. ഗാസയിലേക്കു പൂർണതോതിൽ സഹായങ്ങൾ എത്തിക്കണമെന്നും ഇവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ  ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ ബ്രിട്ടൻ മരവിപ്പിച്ചു. 

 ഗാസയിലെ സാഹചര്യം ഭീതിപ്പെടുത്തുന്നതാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ പാർലമെന്റിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ മരവിപ്പിച്ചത്. ഗാസയിലെ ആക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാവുമെന്ന് ബ്രിട്ടനും ഫ്രാൻസും കാനഡയും ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ തുടർനടപടികൾ എന്ന നിലയിലാണ് വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ ബ്രിട്ടൻ മരവിപ്പിച്ചത്. ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയാണ് ഇസ്രയേലുമായുള്ള വ്യാപാര ചർച്ച മരവിപ്പിച്ചതായി പ്രഖ്യാപിച്ചത്. ​ഗാസയിലെ യുദ്ധം കറുത്ത ഘട്ടത്തിലേക്ക് കടന്നെന്നും ഡേവിഡ് ലാമി കുറ്റപ്പെടുത്തി. 

ഇസ്രയേൽ ആക്രമണത്തിൽ താറുമാറായ ഗാസയിൽ സഹായമെത്തിക്കാൻ അനുവദിക്കണമെന്ന് ഇസ്രയേലിനോട് ആഗോള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. അടിയന്തര സഹായം ലഭ്യമാകാത്ത സാഹചര്യത്തിൽ ഗാസയിൽ 48 മണിക്കൂറിനുള്ളിൽ 14000 കുട്ടികൾ മരിക്കുമെന്ന് യുഎൻ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ഇത്. പോഷകാഹാര കുറവും പട്ടിണിയിലും വലയുകയാണ് ഗാസയിലെ കുട്ടികളെന്നാണ് യുഎൻ വിശദമാക്കിയത്. ഗാസയിൽ ഇന്നലെ ഒരുവിധ സഹായവും എത്തിക്കാൻ സാധിച്ചിട്ടില്ലെന്നാണ് യുഎൻ വക്താവ് സ്റ്റെഫാൻ ഡ്യുജാറിക് വിശദമാക്കിയത് എട്ട് മണിക്കൂറിലേറെയായി ട്രക്കുകൾ നിർത്തിയിട്ടിരിക്കുകയാണെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ഇസ്രയേലുമായുള്ള വ്യാപാരക്കരാർ പുനപരിശോധിക്കാൻ യൂറോപ്യൻ യൂണിയനും നിർദ്ദേശം നൽകിയിട്ടുണ്ട്. മനുഷ്യ ജീവനുകൾ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നാണ് യൂറോപ്യൻ യൂണിയൻ വിശദമാക്കുന്നത്. സ്കൂളുകളും ആശുപത്രികളും രക്ഷാകേന്ദ്രങ്ങളും ഉൾപ്പെടെ ഗാസയിലെങ്ങും ഇസ്രയേൽ ഇന്നലെ നടത്തിയ ബോംബാക്രമണങ്ങളിൽ 60 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടതായാണ് അന്തർ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.മാർച്ച് 2 മുതൽ ഗാസയിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് ഇസ്രയേൽ. കഴിഞ്ഞ ദിവസം മുതൽ പരിമിതമായ അളവിൽ ഭക്ഷ്യവസ്തുക്കളുടെ വിതരണം അനുവദിച്ചിട്ടുണ്ടെങ്കിലും തീർത്തും ഇത് അപര്യാപ്തമാണെന്ന് യുഎൻ ഏജൻസികൾ വിശദമാക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img